നിറച്ചാർത്ത്


ആത്മാവും പ്രണയവും സംഗീതവും ഞാനും ഒന്നാകുന്നത് 
മഴയുടെ തീരത്താണ്.
തണുപ്പ് മനസ്സിൽ അരിച്ചിറങ്ങുമ്പോൾ
ഞാൻ സകലപാപങ്ങളുടെയും കുമ്പസാരക്കൂട്ടിൽ നിൽക്കുന്നു...

വിരഹത്തിന് ആത്മാവിൻറെ കുളിരുനൽകുന്നതും 
ഞാൻ സ്വയമൊരു പൊട്ടായിമാറുന്നതും
മഴതീർത്ത തടവറക്കുള്ളിൽ നിൽക്കുമ്പോഴാണ്...
മഴ എൻറെ സ്വപ്നങ്ങൾക്ക് നൽകിയ നിറച്ചാർത്ത്


എനിക്ക് നൽകിയത് കാതരമിഴികളുള്ള നിന്നെ യാണ്.
പ്രണയം കുളിരുള്ള മഴയിലൂടെ നിശ്വസിക്കുന്നു
മഴയുടെ തണുപ്പാണ് എന്നെ കാമുകനാക്കിയത്.


ചിതയിൽ കനലാകാതെ ഒരു നനുത്തമഞ്ഞുതുള്ളിയാവാൻ ഞാൻ കൊതിക്കുന്നു.
അലിഞ്ഞലിഞ്ഞ് ഒരു തുള്ളിയായ് ഇടവമാസക്കുളിരാകുവാൻ...
നൊമ്പരങ്ങളിൽ ഉരുകിവീഴുന്ന കണ്ണീർകണങ്ങൾക്ക് സാക്ഷ്യം ഇന്നലെകളാണ്
കണ്ണീർകണത്തിലെ ഉപ്പിൻറെ അളവ് ചിന്തകൾക്ക് ചിതയൊരുക്കുമ്പോൾ
ഞാനൊരു കാഴ്ച്ചക്കാരനെപോലെ പതുങ്ങിനിൽക്കുന്നു. 


ചുറ്റിലും നിറയുന്ന ഇരുട്ടിൽ തിരിച്ചറിയപ്പെടാതെ ആഴ്ന്നുപോകുമ്പോൾ
മണ്‍ചെരാത് പ്രതീക്ഷയാകുന്നു...
വീശിയടിച്ച കാറ്റ് തിരിച്ചറിയലടർത്തി മാറുന്നിടനേരത്താണ്
ഞാൻ അറിഞ്ഞതും അറിയാത്തതും...
എനിക്ക് ദു:ഖമില്ലായിരുന്നു
മുഖം തിരിച്ചറിയലുകളുടെ മുഖവുരയെങ്കിൽ
മുഖമില്ലാത്ത ഞാൻ ഉത്തരംകിട്ടാത്ത ചോദ്യംപോലെയാണ്..

Comments