പെങ്ങള്‍---- -ONV



ന്‍റെ കൈത്തണ്ടിലീ രാഖിച്ചരടു നീ
ബന്ധിച്ചു തെല്ലിട മിണ്ടാതെ നിന്നുവോ
പിന്‍തിരിഞ്ഞെങ്ങോ നടന്നുവോ
നിന്നശ്രുബിന്ദുക്കള്‍ വീണിടം നീറിപ്പുകഞ്ഞുവോ
ആരു നീ എന്നുഞാന്‍ ചോദിച്ചതില്ല
നിന്‍ പേരുപോലും നീ പറഞ്ഞുമില്ലെങ്കിലും
വല്ലായ്മയാര്‍ന്ന നിന്‍ നില്പുമാ മൗനവും

തുള്ളികളായിങ്ങടര്‍ന്ന നിന്‍ ദുഖവും
എന്‍റയീ കൈത്തണ്ടില്‍ നീ വന്നു ബന്ധിച്ച
ചെഞ്ചുവപ്പോലുമീ രാഖിയുമെന്നോടു
ചൊല്ലാതെ ചൊല്ലുന്നു നിന്‍ പെങ്ങളാണിവള്‍

എന്‍റെ കൂടപ്പിറപ്പോ നീ, ഒരേ രക്തം
എങ്കില്‍ നിന്‍ ദുഖങ്ങള്‍ മാനാപമാനങ്ങള്‍
എന്‍റേതുമാണെന്ന നേരിന്‍ ചുടര്‍ വെട്ടമെന്റെ
ബോധത്തിലേക്കെറ്റിത്തെറിപ്പിച്ചു
മിണ്ടാതെ പയ്യെപ്പടികളിറങ്ങുന്ന
നിന്‍ മൌനമെന്‍ മനസ്സന്ധികള്‍ തോറുമേ
തട്ടിത്തകരും സ്ഫടികപാത്രം പോലെ
പൊട്ടിച്ചിതറുന്നു നിന്‍ പെങ്ങളാണിവള്‍
ദുഖവും രോഷവും നഷ്ടബോധങ്ങളും
ദിക്കറ്റുഴറുന്ന നിസ്സഹായത്വവും
ഒക്കെയോരോരോ തിരയായി വന്നെന്‍റെ
ഹൃത്തിലലയ്ക്കുന്നു നിന്‍ പെങ്ങളാണിവള്‍

പൊട്ടിത്തെറിക്കുന്ന പാചകവാതകക്കുറ്റിയിലെ
പാമ്പു തീ തുപ്പി നേര്‍ക്കവേ
കത്തിയെരിഞ്ഞു വെറുമൊരു
വാര്‍ത്തയായ് കെട്ടടങ്ങുന്നവള്‍
യാത്രയ്ക്കിടയിലായ് ആരാന്റെ ദാഹം
ശമിപ്പിക്കുവാന്‍ ചുടുചായ പകര്‍ന്നിട്ടെ-
റിഞ്ഞുടയ്ക്കാന്‍ മാത്രം ആരോ
മെനഞ്ഞ മണ്‍പാത്രമാകുന്നവള്‍

മറ്റൊരു വീട്ടിന്നകത്തളത്തില്‍
ജന്മമല്പാല്പമായ് നീറ്റുമേതോ ചിതയില്‍
ഒരായുസ്സുകൊണ്ടേ സതിയനുഷ്ഠിക്കുവോള്‍
താഴെപ്പിറന്ന കിടാങ്ങള്‍ക്കൊരമ്മയായ്
വാഴ്വിന്റെ അറ്റം വരെ ചുമടേറ്റുവോള്‍
കൈവരും നേട്ടത്തിനായ് മേലാളന്നു
കൈക്കൂലിയായിട്ടെറിയപ്പെടുന്നവള്‍
മെയ്യഴകിന്റെ ദുരന്തം വരിപ്പവള്‍

നെഞ്ഞില്‍ മുലപ്പാല്‍ നിറഞ്ഞു വിങ്ങുമ്പൊഴും
കുഞ്ഞിനെ എങ്ങോ കിടത്തി പലര്‍ക്കുള്ള
കഞ്ഞിക്കു വേണ്ടി മടച്ചുവീഴുന്നവള്‍
സ്വപ്നങ്ങളെ,സ്വന്തമിഷ്ടങ്ങളെ
ബലിദര്‍ഭകളായ് അശ്രുനീരോടെ വീഴ്ത്തുവോള്‍
പാപികളാല്‍ കല്ലെറിയപ്പെടുന്നവള്‍
ശാപം വെറുമൊരു കല്ലാക്കി മാറ്റിയോള്‍
പൂവായ് വിരിഞ്ഞു പുഴുതിന്നു തീര്‍പ്പവള്‍
പൂജാമുറിയിലിരുത്തിയ ദേവിയായ്
ജീവപര്യന്തം വിധിക്കപ്പെടുന്നവള്‍

തന്‍മക്കള്‍ തങ്ങളില്‍ക്കൊന്നു കളിപ്പതില്‍
തന്‍മനം നീറിപ്പുകഞ്ഞു കത്തുന്നവള്‍
ചന്ദനം പോലെയരഞ്ഞ് അകില്‍ പോല്‍ പുകഞ്ഞ്
എന്നും അന്യര്‍ക്കായ് സുഖഗന്ധമാകുവോള്‍
വന്യമാം നീതി,വരേണ്യമാം നീതി,
രാജന്യമാം നീതിയും അമ്പെയ്തു വീഴ്ത്തുവോള്‍
രക്ഷിക്കുവാന്‍ കടപ്പെട്ടവരില്‍ നിന്നും
ഇക്ഷിതി ഗര്‍ഭത്തില്‍ രക്ഷ നേടുന്നവള്‍
നീ അമ്മ നീ പത്നി നീ പുത്രി നീ ഭൂമി
നീ ശക്തി നീയെന്റെ രക്തമെന്‍ പെങ്ങള്‍ നീ

Comments