Skip to main content
ഇന്നു രണ്ടപരിചിതരാണു നമ്മള്‍,
ഇന്നലെകളിലേതോ സന്ധ്യയില്‍
വഴിപിരിഞ്ഞോര്‍
ഒരിക്കലറിവിന്‍ പ്രകാശ
ഗോപുരങ്ങള്‍ക്കു കീഴെ
പരന്ന ഇരുള്‍ കോട്ടകളില്‍,
യൌവ്വന വിപ്ലവ കനലെരിച്ചോര്‍..
നേരിനായി നിരന്ന ചങ്ങല-
ദൂരങ്ങളില്‍ കണ്ണികളായവര്‍.
നമ്മളൊരുമിച്ചുയര്‍ത്തിയ
കൊടിക്കീഴില്‍ മാറ്റത്തിന്‍ മുഴക്കം
കാതോര്‍ത്തവര്‍...
ചിതറിവീണെപ്പഴോ ചിറകുകള്‍
പൊഴിഞ്ഞു നാം ചിതകളെരിയുന്ന
ചുടലപ്പറമ്പിന്റെ പാഴ്നിലത്തെങ്ങോ..
കോര്‍ത്തു പിടിക്കാന്‍ കൈയ്യുകള്‍
തിരഞ്ഞപ്പോള്‍മാത്രമറിഞ്ഞു നാം
ആരോ പൊട്ടിച്ചെറിഞ്ഞ
രണ്ടു കണ്ണികള്‍ മാത്രമാണിന്നു
നമ്മളെന്ന്...
എങ്കിലും നമ്മളുയര്‍ത്തിയ
കൊടിക്കീഴിലിന്നും ഇരമ്പുന്നു
വിപ്ലവകൊടുങ്കാറ്റിന്‍ പഴയശബ്ദം...
പിന്നെയേതോ മഴപെയ്തില്‍
മുളച്ച നനഞ്ഞചിറകുമായി നമ്മളൊരു
സന്ധ്യയുടെ സ്ഫടികജാലകത്തില്‍
നിന്നെങ്ങോ പരസ്പരം പറന്നകന്നു...
കാലം കടന്നുപോയെത്ര
ദൂരമിന്നിത്ര വേഗത്തില്‍..
എങ്കിലും സ്നേഹിതാ നിന്നില്‍
നിന്നെത്ര ദൂരെയെങ്കിലും
അറിയുന്നു ഞാന്‍ നിന്റെ
തൂലിക നയിക്കുന്ന വിപ്ലവം.
അക്ഷരത്തുമ്പില്‍
നീ കത്തിക്കുമറിവിന്റെ
ജ്വാലയില്‍ കോര്‍ത്തു പിടിക്കട്ടെ
ഞാനെന്റെ
ഹൃദയത്തിനാല്‍ നിന്‍ വിരലുകള്‍
Comments
Post a Comment